Month: നവംബർ 2021

ദു:ഖത്തിനായി ഒരു നിഘണ്ടു

മോഹനും രേഖയും തങ്ങളുടെ ഒരേയൊരു കുഞ്ഞിനെ സ്വർഗത്തിനായി വിട്ടു കൊടുത്ത ശേഷം തങ്ങളെത്തന്നെ എങ്ങനെ വിശേഷിപ്പിക്കണമെന്നറിയാതെ വിഷമിച്ചു. ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട പിതാവിനെയോ മാതാവിനെയോ വിശേഷിപ്പിക്കാൻ പറ്റിയ ഒരു വാക്കില്ല. ഭർത്താവ് മരിച്ച ഭാര്യയെ വിധവ എന്നും ഭാര്യ മരിച്ച ഭർത്താവിനെ വിഭാര്യൻ എന്നും പറയും. മാതാപിതാക്കൾ ഇല്ലാത്ത കുഞ്ഞാണ് അനാഥൻ. എന്നാൽ കുഞ്ഞ് മരിച്ച് പോയ മാതാപിതാക്കൾ നിർവ്വചനാതീതമായ, നൊമ്പരത്തിന്റെ ഒരു ഗോളമാണ്.

ഗർഭം അലസൽ, ആകസ്മിക ശൈശവ മരണം, ആത്മഹത്യ, രോഗം, അപകടം  ..  ഇങ്ങനെയൊക്കെ  മരണം  ഒരു കുഞ്ഞിനെ ഈ ലോകത്തിൽ നിന്ന് തട്ടിക്കൊണ്ടു പോകുമ്പോൾ മാതാപിതാക്കളുടെ അസ്തിത്വം തന്നെ ഇല്ലാതാകുന്നതുപോലെയാകുന്നു.

എന്നിരുന്നാലും ദൈവത്തിന് ഈ തകർത്തു കളയുന്ന ദുഃഖം അറിയാം ; തന്റെ ഏകജാതനായ പുത്രൻ - യേശു - ക്രൂശിൽ മരിക്കുമ്പോൾ തന്നെ വിളിച്ചു പറഞ്ഞത് ഇപ്രകാരമായിരുന്നു : " പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കൈയിൽ ഏല്പിക്കുന്നു " (ലൂക്കൊ.23:46 ). യേശുവിന്റെ ഐഹിക ജനനത്തിനു മുമ്പും ദൈവം പിതാവായിരുന്നു ; യേശു അന്ത്യശ്വാസം വലിക്കുമ്പോഴും താൻ പിതാവ് തന്നെയായിരുന്നു. തന്റെ പുത്രന്റെ ചേതനയറ്റ ശരീരം കല്ലറയിൽ വെച്ചപ്പോഴും ദൈവം പിതാവ് തന്നെയായിരുന്നു. ദൈവം ഇന്നും, ഉയിർത്തെഴുന്നേറ്റ പുത്രന്റെ പിതാവായി ജീവിക്കുന്നു എന്നത് തങ്ങളിൽ നിന്ന് വേർപെട്ടു പോയ കുഞ്ഞും ഇനിയും ജീവിക്കും എന്ന പ്രത്യാശ മാതാപിതാക്കൾക്ക് നല്കുന്നു.

സ്വന്തപുത്രനെ ഈ പ്രപഞ്ചത്തിനായി , നമുക്കോരോരുത്തർക്കുമായി,  യാഗമർപ്പിച്ച സ്വർഗീയ പിതാവിനെ എന്താണ് നാം വിളിക്കുന്നത്? പിതാവ് എന്ന് തന്നെ, ഇപ്പോഴും. ദുഃഖത്തിന്റെ നിഘണ്ടുവിൽ ഈ വേദനയെ വിശേഷിപ്പിക്കാൻ പറ്റിയ പദം ഇല്ലാത്തപ്പോഴും, ദൈവം നമ്മുടെ പിതാവാണ്; അവിടുന്ന്  നമ്മെ മക്കൾ എന്നും വിളിക്കുന്നു (1 യോഹ. 3:1)

അർത്ഥശൂന്യമായവയിൽ ആനന്ദം കണ്ടെത്തുന്നു

2010 ൽ "ഞാൻ വിരസമായവ ഇഷ്ടപ്പെടുന്നു"( ഐ ലൈക് ബോറിങ് തിങ്സ്) എന്ന ബ്ലോഗ് ആരംഭിച്ച ജെയിംസ് വാർഡ്, " വിരസതയുടെ സമ്മേളനം" എന്ന പേരിൽ ഒരു സമ്മേളനം സംഘടിപ്പിച്ചു. അത് ലൗകികവും സാധാരണവും അവഗണിക്കപ്പെട്ടതുമായ കാര്യങ്ങളുടെ, ഒരു ദിവസത്തെ ആഘോഷമായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ പ്രസംഗകർ ഒക്കെ സംസാരിച്ചത് അർത്ഥശൂന്യമായി കണക്കാക്കുന്ന വിഷയങ്ങളായ തുമ്മൽ, നാണയം ഒറ്റാൽ സാധങ്ങൾ ലഭിക്കുന്ന വില്പന യന്ത്രത്തിന്റെ ശബ്ദം, 1999 ലെ ഇങ്ക് ജെറ്റ് പ്രിന്റർ എന്നിവയായിരുന്നു. വിഷയങ്ങളൊക്കെ വിരസമായവയാണെന്ന് വാർഡിന് അറിയാം, എന്നാൽ പ്രസംഗകർക്ക് ഏത് സാധാരണ കാര്യത്തെയും രസകരമായും അർത്ഥമുള്ളതായും ആനന്ദകരമായും തീർക്കാൻ കഴിയും.

സഹസ്രാബ്ദങ്ങൾക്കു മുമ്പ് , ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോൻ അർത്ഥശൂന്യവും ലൗകികവുമായ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുവാനുള്ള അന്വേഷണം നടത്തി. പ്രയത്നങ്ങളുടെ പിന്നാലെ പോയി, ആട്ടിൻ കൂട്ടത്തെ സമ്പാദിച്ചു, മഹാസമ്പത്ത് ശേഖരിച്ചു , സംഗീതക്കാരെ സമ്പാദിച്ചു, രമ്യഹർമ്മങ്ങൾ നിർമ്മിച്ചു. (സഭാ. 2:4-9) ഇവയിൽ കുലീനമായതും അല്ലാത്തവയും ഉണ്ടായിരുന്നു. അർത്ഥം അന്വേക്ഷിച്ചുള്ള ഈ യാത്രയുടെ അവസാനം എല്ലാം വിരസമായാണ് രാജാവിന് അനുഭവപ്പെട്ടത് (വാ. 11).  ദൈവത്തെ ഉൾകൊള്ളിക്കുവാനായി, മനുഷ്യന്റെ അനുഭവത്തിന്റെ പരിധിയിൽ ഒതുങ്ങുന്ന, ഒരു ലോകവീക്ഷണമാണ് ശലോമോന് ഉണ്ടായിരുന്നത്. എന്നാൽ, അവസാനം, ദൈവത്തെ അംഗീകരിച്ച് ആരാധിക്കുമ്പോൾ മാത്രമാണ് ഈ ലൗകിക കാര്യങ്ങളും ആസ്വദിക്കാൻ കഴിയുകയുള്ളൂ എന്ന്  അദ്ദേഹം മനസ്സിലാക്കി. ( 12:1-7) നമുടെ ജീവിതം വല്ലാതെ മടുക്കുമ്പോൾ (വാ.1 ) നമ്മുടെ തന്നെ അനുദിന സമ്മേളനം നടത്താം  അങ്ങനെ "സ്രഷ്ടാവിനെ ഓർക്കുക”- ഈ ദൈവം നമ്മുടെ ഐഹിക കാര്യങ്ങളെ അർത്ഥമുള്ളതാക്കി മാറ്റും. 

നാം അവനെ ഓർക്കുകയും ആരാധിക്കുകയും ചെയ്യുമ്പോൾ സാധാരണ കാര്യങ്ങൾ അത്ഭുതവും; നിസ്സാര കാര്യങ്ങളിലും കൃതജ്ഞത തോന്നുന്നവരും; ജീവിതത്തിലെ അർത്ഥശൂന്യമെന്ന് കരുതുന്ന കാര്യങ്ങളിലും ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു.

ഞെരുക്കത്തിന്റെ കാലം

കോവിഡ് - 19 വ്യാപനം തടയാൻ  അമേരിക്കയിലെ ചെറിയ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിടാൻ തീരുമാനമായപ്പോൾ കടയുടമകൾ തങ്ങളുടെ ജീവനക്കാർക്ക് എങ്ങനെ ശമ്പളം നൽകണം , എങ്ങനെ വാടക അടയ്ക്കണം, പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യും എന്നറിയാതെ പ്രയാസപ്പെട്ടു. അവരുടെ ഈ ഉത്ക്കണ്ഠ തിരിച്ചറിഞ്ഞ്, ഒരു സഭയുടെ പാസ്റ്റർ പ്രയാസമനുഭവിക്കുന്ന ബിസിനസ്സുകാർക്ക് സാമ്പത്തിക സഹായം എത്തിക്കാനുള്ള  ഒരു സംരഭത്തിന് തുടക്കമിട്ടു.

" പലരും ഇപ്പോൾ ദുരിതത്തിലൂടെ കടന്നുപോകുമ്പോൾ ഞെരുക്ക കാലത്ത് ചെലവഴിക്കാൻ വേണ്ടി നാം സൂക്ഷിച്ച് വെക്കുന്ന പണം ഇപ്പോൾ  വെറുതെ വെക്കുന്നത് ശരിയല്ല " എന്ന്  പറഞ്ഞുകൊണ്ട് ഈ പാസ്റ്റർ മറ്റ് സഭകളെയും ഈ സംരഭത്തിൽ പങ്കുചേരുവാൻ പ്രോത്സാഹിപ്പിച്ചു.

'ഞെരുക്ക കാല ഫണ്ട്' എന്നത് സാധാരണ വരുമാനത്തിൽ ഇടിവുണ്ടാകുകയും എന്നാൽ ക്രമമായി ചെയ്യേണ്ട ചെലവുകൾ ചെയ്യേണ്ടി വരികയും ചെയ്യുന്ന സമയത്തിനായി മാറ്റിവെക്കപ്പെടുന്ന പണമാണ്. നാം സ്വന്തകാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നത് സ്വാഭാവികമാണെങ്കിലും തിരുവെഴുത്ത് നമ്മെ ആഹ്വാനം ചെയ്യുന്നത് നാം സ്വന്തകാര്യത്തിനപ്പുറം ഔദാര്യ ശീലരായി മററുള്ളവരെയും ശുശ്രൂഷിക്കണം എന്നാണ്. സദൃശ്യവാക്യങ്ങൾ 11:24, 25 ഇപ്രകാരം പറയുന്നു: " ഒരുത്തൻ വാരി വിതറിയിട്ടും വർധിച്ചു വരുന്നു ... ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവനു തണപ്പുകിട്ടും. "

ഇന്ന് നിങ്ങളുടെ ജീവിതം കൂടുതൽ  പ്രകാശമാനമാണോ?  എന്നാൽ  ആരുടെയെങ്കിലും ലോകം പേമാരി നിറഞ്ഞതാണോയെന്ന് ചുററുമൊന്ന് കണ്ണോടിച്ച് നോക്കൂ. ദൈവം നിങ്ങൾക്ക് കൃപയാൽ നല്കിയ നന്മകൾ ഔദാര്യമായി പങ്കുവെക്കുകയാണെങ്കിൽ അവ വർദ്ധിച്ചു വരും. ഉദാരമനസ്കരായിരിക്കുക എന്നത് മറ്റുള്ളവർക്ക് പ്രത്യാശ നൽകുവാൻ കഴിയുന്ന ഒരു നല്ല മാർഗ്ഗമാണ്, ഒപ്പം ഉപദ്രവിക്കുന്നവരെ ദൈവം സ്നേഹിക്കുന്നു എന്ന ഓർമ്മപ്പെടുത്തലും.

പങ്കുവെയ്ക്കപ്പെടുന്ന സാന്ത്വനം

എന്റെ മകൾ ഹെയ്ലി  എന്നെ കാണാൻ വന്നപ്പോൾ അവളുടെ 3 വയസുള്ള മകൻ ക്യാലം ഒരു അസാധാരണ വസ്ത്രം ധരിച്ചിരുന്നത് ഞാൻ കണ്ടു. നീളൻ കൈയും അറ്റത്ത് കയ്യുറയും പിടിപ്പിച്ച, സ്പർശനം തടയുന്ന ഒരു വസ്ത്രമായിരുന്നു അത്. ശരീരം ചൊറിഞ്ഞ് തടിച്ച് കുരുക്കൾ ഉണ്ടാകുന്ന കരപ്പൻ എന്ന ത്വക് രോഗം ബാധിച്ചിരുന്നു പേരക്കുട്ടി ക്യാലമിന് . "ഈ പ്രത്യേക വസ്ത്രം ശരീരം ചൊറിഞ്ഞ് തൊലി പൊട്ടിക്കാതെ ക്യാലമിനെ സഹായിക്കും , " ഹെയ്ലി വിശദീകരിച്ചു.

ഏഴ് മാസങ്ങൾക്ക് ശേഷം, ഹെയ്ലിയുടെ ത്വക്കിനും തടിപ്പ് തുടങ്ങി; അസഹ്യമായ ചൊറിച്ചിലും. "ക്യാലം എത്ര പ്രയാസമാണ് സഹിക്കുന്നതെന്ന് എനിക്കിപ്പോൾ മനസ്സിലാകുന്നുണ്ട് " ഹെയ്ലി എന്നോട് പറഞ്ഞു. " ഒരു പക്ഷേ എനിക്കും ആ പ്രത്യേക വസ്ത്രം ധരിക്കേണ്ടിവന്നേക്കും ! "

ഹെയ്ലിയുടെ ഈ അനുഭവം 2 കൊരിന്ത്യർ 1:3-5 വരെയുള്ള പൗലോസിന്റെ വാക്കുകൾ എന്നെ ഓർമ്മിപ്പിക്കുന്നു. " മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നൽകുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ. ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസം കൊണ്ടു ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിക്കുവാൻ ശക്തരാകേണ്ടതിനു ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു. ക്രിസ്തുവിന്റെ കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതുപോലെ തന്നെ ക്രിസ്തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു. "

ചിലപ്പോൾ ദൈവം നമ്മളെ രോഗം, നഷ്ടം, പ്രതിസന്ധികൾ എന്നീ പരീക്ഷണങ്ങളിലൂടെ കടത്തിവിടും. നമ്മുടെ ഈ സഹനത്തിലൂടെ, നമുക്ക് വേണ്ടി ക്രിസ്തു ക്രൂശിൽ അനുഭവിച്ച സഹനം അംഗീകരിക്കുവാൻ, ദൈവം നമ്മെ പഠിപ്പിക്കുന്നു. അതോടൊപ്പം, സാന്ത്വനത്തിനും ശക്തിക്കുമായി അവനെ ശരണപ്പെടുമ്പോൾ മറ്റുള്ളവരെ അവരുടെ സഹനത്തിൽ ആശ്വസിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും നാം കഴിവുള്ളവരാകുകയും ചെയ്യും.

യേശുവിനായി മറ്റുള്ളവരിലേക്ക് എത്തുക

ഒരു ദശാബ്ദത്തിനു മുമ്പ് അവർക്ക് യേശു എന്ന പേര് അറിയില്ലായിരുന്നു. ഫിലിപ്പൈൻസിലെ മിന്റനാവോ മലനിരകളിൽ താമസിച്ചിരുന്ന ബാൻവയോൺ ജനതക്ക് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അവശ്യ വസ്തുക്കളുടെ ശേഖരണത്തിന് പുറംലോകത്ത് എത്തണമെങ്കിൽ ചെങ്കുത്തായ മലനിരകളിലൂടെ രണ്ട് ദിവസത്തെ അതിസാഹസിക യാത്ര വേണ്ടിയിരുന്നു. ലോകം അവരെ ശ്രദ്ധിച്ചിരുന്നില്ല.

ഈ സാഹചര്യത്തിലാണ് ഒരു മിഷൻ പ്രസ്ഥാനം ഇവരെ കണ്ടെത്തി ഹെലിക്കോപ്റ്റർ വഴി ഇവരെ പുറത്ത് പോകാനും വരാനും സഹായിച്ചത്. ഇത് ബാൻവയോൺ ജനതക്ക് അവശ്യ വസ്തുക്കളും വൈദ്യസഹായവും ലഭിക്കുവാനും ഒരു വലിയ ലോകത്തെക്കുറിച്ചുള്ള അറിവ് ലഭിക്കുവാനും ഇടയാക്കി. കൂടാതെ, അവർ യേശുവിനെ അറിയാനും ഇടയായി. ഇപ്പോൾ, ദുരാത്മാക്കളോട് പാടുന്നതിന് പകരം, അവരുടെ പരമ്പരാഗത ഗോത്രഗാനങ്ങളിൽ പുതിയ വാക്കുകൾ ചേർത്ത്  ഏക സത്യദൈവത്തെ ആരാധിക്കുന്ന പാട്ടുകളായി മാറി. വ്യോമയാനമിഷൻ ആണ് ഇതിന് വഴിയൊരുക്കിയത്.

യേശു തന്റെ പിതാവിന്റെ അടുക്കലേക്ക് പോയപ്പോൾ ശിഷ്യന്മാർക്ക് ഈ ആഹ്വാനം നല്കി. "ആകയാൽ നിങ്ങൾ പുറപ്പെട്ട് , പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചത് ഒക്കെയും പ്രമാണിക്കുവാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ട് സകല ജാതികളെയും ശിഷ്യരാക്കിക്കൊള്ളുവിൻ" (മത്താ. 28:19 ) . ഈ കല്പന ഇന്നും നിലനില്ക്കുന്നു.

കണ്ടെത്തപ്പെടാത്ത ജനവിഭാഗം നമുക്ക് പരിചിതമല്ലാത്ത വിദേശ സ്ഥലങ്ങളിൽ മാത്രമായി ചുരുങ്ങുന്നില്ല. ചിലപ്പോൾ നമ്മുടെയിടയിൽ വസിക്കുന്നവരുമാകാം. ബാൻവയോൺ ജനതയിൽ എത്തിച്ചേരുവാൻ സർഗാത്മകതയും വിഭവശേഷിയും അനിവാര്യമായിരുന്നു, അത് നമ്മുടെ സമൂഹങ്ങളുടെയിടയിൽ നിലനില്ക്കുന്ന പ്രതിബന്ധങ്ങളെ അതിജീവിക്കാനുള്ള പ്രായോഗിക മാർഗങ്ങൾ കണ്ടെത്താൻ നമുക്ക് പ്രചോദനമാകുന്നു. അത് പക്ഷെ, നിങ്ങളുടെ സമീപത്ത് തന്നെ വസിക്കുന്നതും നിങ്ങൾ നാളിതുവരെ പരിഗണിക്കാത്തതുമായ "അടുക്കാൻ പ്രയാസമുള്ള" ഒരു കൂട്ടം ആളുകൾ ഉണ്ടാകും. മറ്റുള്ളവരെ യേശുവിനായി നേടുവാനായി ദൈവം നിങ്ങളെ എങ്ങനെയാണ് ഉപയോഗിക്കുന്നത്?